ചൂട് അസഹ്യമായതോടെ വളർത്തുമൃഗങ്ങളും പരിഭ്രാന്തിയിലാണ്. സൂര്യാഘാതമേറ്റ് 33 കാലികളാണ് അടുത്തിടെ ജില്ലയിൽ ചത്തത്. മൃഗസംരക്ഷണ വകുപ്പ് വേനൽചൂടിൽ നിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനായി മാർഗനിർദേശങ്ങൾ പുറത്തിറക്കിയതോടെ അവ നടപ്പാക്കി തങ്ങളുടെ പശുക്കൾക്ക് ആശ്വാസത്തിന്റെ കുളിർ പകരുകയാണ് ജില്ലയിലെ ക്ഷീരകർഷകർ. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് മുക്കിനടുത്ത് താമസിക്കുന്ന സഫീർ യു കെ പാരമ്പര്യമായി പശു വളർത്തലിൽ ഏർപ്പെട്ടയാളാണ്. 14 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന് 10 പശുക്കൾ ഉണ്ട്. കൂടെപ്പിറപ്പുകളെ പോലെ തന്റെ പശുക്കളെ പരിപാലിക്കുന്ന സഫീർ തൊഴുത്തിൽ രണ്ട് ഫാനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.”മരങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് പൊതുവെ ചൂടു കുറവാണ്. എന്നാലും കനത്ത ചൂട് പശുക്കളെ ബാധിക്കുന്നുണ്ട്. ഒരു രക്ഷ എന്ന നിലയ്ക്കാൻ ഫാനുകൾ സ്ഥാപിച്ചത്. ചൂടായതിനാൽ ഒരു പശുവിൽ നിന്നും രണ്ടു മുതൽ മൂന്നു ലിറ്റർ വരെ പാലിന്റെ അളവിൽ ലഭ്യത കുറവുണ്ട്,” അദ്ദേഹം പറഞ്ഞു. സഫീറിന്റെ വീട്ടാവശ്യത്തിന് വേണ്ടിയുള്ള ഗ്യാസ് തൊഴുത്തിൽ നിന്നുള്ള ബയോഗ്യാസിലൂടെയാണ് ലഭിക്കുന്നത്. ബാലുശ്ശേരിക്ക് സമീപം വട്ടോളിയിലെ സ്വകാര്യ ഫാമിന്റെ ഉടമയായ ഷാജിതയ്ക്ക് 18 പശുക്കളുണ്ട്. ആറ് ഫാനുകളാണ് ഇവിടെ പശുക്കൾക്ക് ഇളംകാറ്റ് നൽകുന്നത്. അകത്തെ മേൽക്കൂര പനയോല വെച്ച് കെട്ടിയതിനാൽ ചൂടിന് കുറവുണ്ട്. വേനൽ ചൂടിൽ 135 ലിറ്ററിൽ നിന്നും 110 ലിറ്ററിലേക്ക് പാൽ കുറഞ്ഞതായി അവർ പറയുന്നു. “ചൂടുകാലത്ത് പശുക്കളിൽ പ്രത്യേക തരത്തിലുള്ള കിതപ്പ് ഉണ്ടാകാറുണ്ട്. ഇതിൽനിന്നുള്ള പ്രതിരോധ മാർഗം എന്ന രീതിയിൽ ഇവയെ ഇടയ്ക്കിടെ വെള്ളം നനയ്ക്കുന്നു,” ഷാജിത പറഞ്ഞു.ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ് മേപ്പയ്യൂർ വിളയാട്ടൂരിലെ എം സുരേന്ദ്രൻ. 1996 മുതൽ ചെറിയ രീതിയിൽ പശുവളർത്തലിൽ ഏർപ്പെട്ട അദ്ദേഹത്തിന് ഇപ്പോൾ എട്ട് പശുക്കളുണ്ട്. തൊഴുത്തിലെ പശുക്കൾക്ക് ഫാനും മ്യൂസിക് ബോക്സും സുരേന്ദ്രൻ സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കൽ മിന്നൽ ബാധിച്ചതിനെ തുടർന്ന് മ്യൂസിക് സിസ്റ്റം ഒഴിവാക്കേണ്ടി വന്നെങ്കിലും ഫാൻ പശുക്കൾക്കായി നിർത്താതെ കറങ്ങുന്നു. തൊഴുത്തിൽ പശുക്കളെ പൊതിയുന്ന കൊതുകിനെ തുരത്താനും ഫാൻ ഉപകരിക്കുന്നു. കത്തുന്ന ചൂടിൽ പശുക്കളുടെ വായിൽ നിന്ന് നുരയും പതയും വരൽ, കിതപ്പ് എന്നിവ അനുഭവപ്പെടുന്നതിനാൽ ഇതിനെ പ്രതിരോധിക്കാൻ ദിവസവും മൂന്ന് നേരം കാലികളെ കുളിപ്പിക്കുന്നുണ്ട്.ചൂടിനെ ക്രമീകരിക്കാൻ തൊഴുത്തിൽ നല്ല വായു സഞ്ചാരം ലഭ്യമാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ ജെ ജോയ് നിർദ്ദേശിക്കുന്നു. “തൊഴുത്തിന്റെ മേൽക്കൂരയുടെ ഉയരം കൂട്ടുകയും ഭിത്തിയുടെ ഉയരം കുറയ്ക്കുകയും വേണം. തൊഴുത്തിൽ ഫാനുകൾ നിർബന്ധമാക്കുക, മേൽക്കൂരയിൽ ജൈവപന്തൽ ആയ കോവയ്ക്ക, ഫാഷൻ ഫ്രൂട്ട് എന്നിവ പടർത്തുക തുടങ്ങിയ നടപടികളും ചൂടിന് ശമനം വരുത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *