കൊച്ചി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് ആണ് കോടതിയെ സമീപിച്ചത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചുവെന്നും, പൂര്‍ണ വിവരങ്ങള്‍ നല്‍കിയില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് മേരി ജോസഫ് ആണ് വിധി പ്രസ്താവിച്ചത്. വാഴൂര്‍ സോമന് സത്യവാങ്മൂലത്തില്‍ എല്ലാ വിവരങ്ങളും പൂരിപ്പിച്ചില്ല. ഭാര്യയുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ മറച്ചു വെച്ചു. ഒരു വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ മാത്രമാണ് നല്‍കിയത്. ബാങ്ക് ഇടപാടിന്റെ സ്റ്റേറ്റുമെന്റുകള്‍ എല്ലാം സമര്‍പ്പിച്ചില്ല. കൂടാതെ വെയര്‍ഹൗസിങ് കോര്പ്പറേഷന് ചെയര്മാന് പദവിയില്‍ ഇരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായതും. അതിനാല്‍ ഇരട്ടപ്പദവി പ്രശ്നവും നിലനില്‍ക്കുന്നതായി സിറിയക് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വരണാധികാരിയുടെ അറിവോടെ വിവരങ്ങള്‍ പിന്നീട് തിരുത്തിയിരുന്നതായും, ഒരു കാര്യവും മനഃപൂര്‍വം മറച്ചു വെച്ചിട്ടില്ലെന്നും വാഴൂര്‍ സോമന് കോടതിയില്‍ വ്യക്തമാക്കി.