കൊടകര കുഴൽ പണ കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി മുഖ്യമന്ത്രി. കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൊടകരക്കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം സംസാരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. പണം നഷ്ടമായി എന്നു പറഞ്ഞ ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയാണ്. ഇപ്പോള്‍ നല്‍കിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സാക്ഷികളായ ആരും ഭാവിയില്‍ പ്രതികളാകില്ല എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കര്‍ണാടകയില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് 40 കോടി കൊണ്ടു വന്നു. 17 കോടി വേറെയും സ്വരൂപിച്ചു. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ സുരേന്ദ്രന് അറിയാം. കേസില്‍ സാക്ഷിയായത് അതുകൊണ്ടാണ്. കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി തന്നെ വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനം വിശേഷിച്ച് കൈമാറേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിപക്ഷം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേസ് ഒതുക്കകുയാണെന്ന ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ ഒത്തുകളിയാണ് നടക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സൂത്രധാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് സാക്ഷിയായി മാറി. സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമേ അറിയൂ എന്നും റോജി എം ജോണ്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *