അമേരിക്കൻ ചലച്ചിത്രകാരൻ മോർഗൻ ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചതില്‍ ക്ഷമാപണം നടത്തി വടകര സഹകരണ ആശുപത്രി.
വിവാദമായതോടെ ആശുപത്രി അധികൃതർ പരസ്യബോർഡ് നീക്കുകയും സംഭവം അറിവില്ലാതെ സംഭവിച്ചതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍പെട്ടയുടനെ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവ ഒ.പി.യിൽ വെച്ചുതന്നെ നീക്കംചെയ്യുന്നതു സംബന്ധിച്ച പരസ്യത്തിനൊപ്പമാണ് മോർഗൻ ഫ്രീമാന്റെ ചിത്രം ചേർത്തത്. ഞായറാഴ്ചയാണ് ബോർഡ് സ്ഥാപിച്ചത്.
മോർഗൻ ഫ്രീമാനാണെന്നു മനസ്സിലായ ആരോ ചിത്രമെടുത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായിരുന്നു. മോർഗൻ ഫ്രീമാനാണെന്ന് മനസ്സിലായില്ലെന്നും തെറ്റ് മനസ്സിലായ ഉടൻ മാറ്റിയെന്നും ആശുപത്രിയധികൃതർ പറഞ്ഞു. അറിയാതെ സംഭവിച്ച തെറ്റാണെന്നും ആർക്കെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.