തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന പള്ളിയിൽ പറഞ്ഞാൽ മതിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ബിജെപി അധികാരത്തിൽ വന്നിട്ട് 10 വർഷം ആയില്ലേ? ബിജെപിയുടെ ഉമ്മാക്കി ഇവിടെ നടക്കില്ല.ഉത്തരേന്ത്യക്കാരെ കണ്ടു മോദി പനിക്കണ്ട, കേരളം വേറെയാണ്. കേരളം ബിജെപിക്ക് അനുകൂലമാകുമെന്ന സ്വപ്നം താഴെയിറക്കിവെക്കുന്നതാണ് നല്ലതെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച സമരാഗ്നി ജാഥയുടെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.സമരാഗ്നിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെയും കെപിസിസി അധ്യക്ഷൻ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ ഇതുപോലെ കഷ്ടപ്പെടുത്തി പട്ടിണി കിടത്തുന്ന സർക്കാർ എന്തിന് ഭരിക്കണമെന്നും ഇറങ്ങിപൊയ്ക്കൂടെയെന്നും സുധാകരൻ ചോദിച്ചു.സംസ്ഥാനം സാമ്പത്തിക കടബാധ്യതയിൽ മുങ്ങി കുളിക്കുകയാണ്. ഒരു കുട്ടി ജനിക്കുമ്പോൾ ഒരു ലക്ഷത്തിപത്തായിരം രൂപ കടത്തിൽ ജനിക്കുന്ന നാടാണ് നമ്മുടെ നാട്.ട്വൻ്റി ഔട്ട് ഓഫ് ട്വന്‍റി എന്ന നമ്മുടെ നേതാക്കൾ പറഞ്ഞ വാക്കുകൾ നെഞ്ചിലേറ്റി ആ ലക്ഷ്യത്തിലേക്ക് തുഴയാൻ പ്രവർത്തകർക്ക് സാധിക്കട്ടെ. സമരാഗ്നി ഇന്നിവിടെ അവസാനിക്കുകയാണ്. ഒരു തീപ്പന്തം നാട്ടിലെ ജനങ്ങളുടെ കയ്യിൽ എത്തിച്ചിട്ടുണ്ട്. കത്തി ജ്വലിക്കുന്ന ഒരു സന്ദേശം ഉണ്ട്. അത് രണ്ട് രാഷ്ട്രീയ ശക്തികളെ തകർക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരുക എന്ന സന്ദേശമാണ്.ജാഥ നടത്തുമ്പോൾ രാവിലെ ഒരു ജനസമ്പർക്ക പരിപാടി നടത്തും. ജനസമ്പർക്ക പരിപാടിയിൽ തങ്ങൾ കേട്ട കഥകൾ, ജനങ്ങളുടെ ആക്ഷേപങ്ങൾ അവരുടെ പ്രശ്‌നങ്ങൾ, പ്രയാസങ്ങൾ ഞങ്ങളുടെ മനസിനെ ഏറെ വേദനിപ്പിച്ചു. അതിന് ഒരു പരിഹാരം വേണം. ആ പരിഹാരമുണ്ടാകണമെങ്കിൽ അതിന് കാരണക്കാരായ ഇടതുപക്ഷ സർക്കാരിനെ താഴെയിറക്കി കേരളത്തിന്‍റെ രാഷ്ട്രീയ ഭരണം ഐക്യജനാധിപത്യ മുന്നണിയുടെ കയ്യിൽ എത്തിക്കാനുള്ള പോരാട്ട വീര്യത്തിൽ ആയിരിക്കണം ഇനിയുള്ള നാളുകളെന്നും അദ്ദേഹം പറഞ്ഞു.വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയെ ഏഴ് ദിവസം പൂട്ടിയിട്ട് അടിച്ചും ഇടിച്ചും മൂത്രം കുടിപ്പിച്ചും കൊന്നു. ഇത് ചെയ്‌ത എസ്എഫ്ഐക്കാർക്ക് പിന്തുണ നൽകാൻ അവിടത്തെ കോളജിലെ ഉദ്യോഗസ്ഥന്മാർ മുൻപിൽ നിൽക്കുകയാണ്. അവർക്ക് എല്ലാം അറിയാം. ഇതുവരെ സത്യം പറഞ്ഞിട്ടില്ല. പ്രതികളെ ശിക്ഷിക്കാനുള്ള നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇല്ലാത്തപക്ഷം കെപിസിസി സമര മുഖത്തേക്ക് ഇറങ്ങി നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സുധാകരൻ കുട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *