
”കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസെടുക്കില്ല’ താമരശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. അക്രമണത്തിന് ആഹ്വാനം നല്‍കിയതും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. ഷഹബാസിന്റെ മരണത്തിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 11 മണിക്ക് വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസിന് മുമ്പിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർത്ഥികൾ മർദിച്ചിട്ടുണ്ടാകും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.