ആലപ്പുഴ: യു. പ്രതിഭ എം.എല്‍.എയുടെ മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തതില്‍ എക്‌സൈസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. എം.എല്‍.എ നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ സംസ്ഥാന എക്‌സൈസ് കമീഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. കേസിന്റെ വിവരങ്ങള്‍ എം.എല്‍.എയെ അറിയച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് യു. പ്രതിഭയുടെ മകനും മറ്റ് എട്ടുപേര്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തതും പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് കേസ്. പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച യു. പ്രതിഭ, സഭയില്‍ എക്‌സൈസ് വകുപ്പിനെതിരെയും രംഗത്തെത്തി. സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങളില്‍ വരെ പ്രതിഭ എക്‌സൈസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. വകുപ്പ് മന്ത്രി എം.ബി. രാജേഷിനും എക്‌സൈസ് കമീഷണര്‍ക്കുമുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അറസ്റ്റിന്റെ തുടര്‍നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നതില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ കുറ്റാരോപിതരെ വൈദ്യപരിശോധനക്ക് ഹാജരാക്കാറുണ്ട്. രക്തം, നഖം, മുടി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കണം. എന്നാല്‍ ഈ കേസില്‍ അതുണ്ടായില്ല. യു. പ്രതിഭയുട മകനോ സുഹൃത്തുക്കളോ കഞ്ചാവ് വലിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല. ശ്വസത്തില്‍നിന്ന് ഗന്ധം വന്നുവെന്നല്ലാതെ മറ്റ് തെളിവുകളൊന്നുമില്ല. വലിച്ചതിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. ഇവയെല്ലാം ഉദ്യോഗസ്ഥരുടെ വീഴ്ചയായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
