കുന്ദമംഗലം റസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പാഴൂരില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കുന്ദമംഗലം റെസ്റ്റ് ഹൗസിലെത്തിയിരുന്നു. പ്രസ്തുത സന്ദര്‍ശനത്തില്‍ ഈ സ്ഥാപനത്തിന്‍റെ ശോചനീയാവസ്ഥ അദ്ധേഹത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസില്‍ വെച്ച് തന്നെ ആയത് നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും വിദ്യാഭ്യാസ ഹബ്ബുമായ കുന്ദമംഗലത്ത് സൗകര്യപ്രദമായ ഒരു റെസ്റ്റ്ഹൗസ് അനിവാര്യമാണ്. നിലവിലുള്ള റെസ്റ്റ് ഹൗസിനോട് ചേര്‍ന്ന് ഒരു അനക്സ് നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം പൂർത്തീകരിക്കുമെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ആവശ്യമായ സംവിധാനങ്ങളൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *