ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു.