കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നത്. ബ്രിഡ്ജ് തകരുമ്പോള്‍ ആരുമില്ലാത്തതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നിരുന്നു. വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. ഇന്നലെ അതിശക്തമായ കടലാക്രമണമാണ് മുഴുപ്പിലങ്ങാട് ബീച്ചിലുണ്ടായത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലാക്രമണം മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഫ്ലോട്ടിങ് ബ്രിഡ്ജിന് തകരാര്‍ സംഭവിക്കാതിരിക്കാൻ ഭാഗങ്ങള്‍ അഴിച്ചുവെക്കുകയായിരുന്നുവെന്നാണ് ഡിടിപിസി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ബീച്ചിലേക്ക് ആളുകള്‍ വന്നിരുന്നെങ്കിലും ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. മുന്‍കരുതലായി രാത്രി തന്നെ കുറച്ച് ഭാഗങ്ങള്‍ അഴിച്ച് വെച്ച് കെട്ടിവെക്കുകയായിരുന്നു. 15ഓളം ആങ്കറുകള്‍ അഴിച്ചുവെക്കുകയായിരുന്നു. ബ്രിഡ്ജിന്‍റെ ഭാഗത്ത് തന്നെയാണ് ബാക്കി ഭാഗങ്ങള്‍ കെട്ടിവെചച്ചത്. അത് ശക്തമായ തിരയില്‍ കരയിലേക്ക് എത്തുകയായിരുന്നുവെന്നും അത് ആളുകള്‍ വീഡിയോ എടുത്ത് ബ്രിഡ്ജ് തകര്‍ന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഡിടിപിസി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *