തനിക്കെതിരായ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ. അശ്ലീല വീഡിയോ വിവാദം, പീഡന പരാതി എന്നിങ്ങനെ കുരുക്കുകള്‍ മുറുകിക്കിടക്കുന്നതിനിടെയാണ് പ്രജ്വലിന്‍റെ പ്രതികരണം വരുന്നത്. എക്സിലൂടെയാണ് (മുൻ ട്വിറ്റര്‍) പ്രജ്വല്‍ രേവണ്ണ പ്രതികരണം പങ്കുവച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവില്‍ താൻ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്സ് പോസ്റ്റ്.
ഇത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തതയില്ല. കമന്‍റ് ചെയ്യാൻ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ് ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്‍റെ സോഷ്യൽ മീഡിയ ടീം ആണോ എന്നെല്ലാമുള്ള അവ്യക്തതകളാണ് ഇതിലുള്ളത്.
അല്‍പം മുമ്പ് കേസില്‍ പ്രജ്വലിനും അച്ഛനും എംഎല്‍എയുമായ രേവണ്ണയ്ക്കുമെതിരെ പ്രത്യേകാന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ് എസ്ഐടി ഉദ്യോഗസ്ഥർ. ഇരകളാക്കപ്പെട്ട സ്ത്രീകളെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നതിനും ഒരുങ്ങുന്നുണ്ട്.
ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. ഇതിന് മുമ്പ് തന്നെ പ്രജ്വല്‍ ലൈംഗികമായി നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന ആരോപണമുള്ളതാണ്. ഇതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രജ്വല്‍ വെട്ടിലായത്. ആരോപണങ്ങള്‍ നേരത്തേ ഉള്ളതായിരുന്നുവെങ്കിലും വീഡിയോകള്‍ വന്നതോടെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യം വരികയും ഇതോടെ വിദേശത്തേക്ക് കടക്കുകയുമായിരുന്നു പ്രജ്വല്‍.