കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു. ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. രാവിലെ വീട്ടമ്മ വെള്ളം കോരാൻ എത്തിയപ്പോഴാണ് കിണറിനുള്ളിൽ ആളെ കണ്ടത്.
നന്തിബസാറിലെ നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് യുവാവ് വീണത്. കുഞ്ഞബ്ദുള്ളയുടെ ഭാര്യ വെള്ളം കോരാനായി കിണറിനടുത്തേക്ക് ചെന്നപ്പോൾ ഗ്രില്ല് മാറിയ നിലയിലായിരുന്നു. അത് നേരെയാക്കി വെള്ളം കോരുന്നതിനിടെ താഴെ എന്തോ ഒന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. ആദ്യം തേങ്ങയാണെന്ന് കരുതിയെങ്കിലും യുവാവ് മുകളിലേക്ക് നോക്കിയതോടെ വീട്ടമ്മ നിലവിളിക്കുകയായിരുന്നു.
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വല ഉപയോഗിച്ച് സാഹസികമായാണ് ഇയാളെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ ഗ്രില്ല് മാറ്റുമ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പോലീസ് നിഗമനം.
ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
