പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വി ഡി സതീശൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൗരാവകാശങ്ങൾക്കും നീതിക്കും വേണ്ടി നിലകൊണ്ട ജ്വലിക്കുന്ന ഓർമ്മയാണ് ഡിജോ കാപ്പനെന്ന് അദ്ദേഹം അനുസ്മരിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ തുടങ്ങിയ 40 വർഷത്തെ ആത്മബന്ധമാണ് ഡിജോ കാപ്പനുമായി ഉണ്ടായിരുന്നതെന്ന് സതീശൻ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ഒരു വഴികാട്ടിയെപ്പോലെയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾ ഉപേക്ഷിച്ചത്. സ്വതന്ത്രമായി ജനകീയ വിഷയങ്ങളിൽ ഇടപെടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അസാമാന്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരുന്നു.

ആർക്കും മുന്നിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത പോരാട്ടവീര്യമായിരുന്നു അദ്ദേഹത്തിന്റേത്. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരള ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്തപ്പെടും. “പൊതുപ്രവർത്തനം എന്ന വാക്കിനെ അതിന്റെ എല്ലാ അർത്ഥത്തിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അപ്പുറം ഒരു ജ്യേഷ്ഠസഹോദരനെയാണ് എനിക്ക് നഷ്ടമായത്” വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *