തൃശ്ശൂർ: പാചകവാതക വില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിലക്കയറ്റത്തെ അദ്ദേഹം പ്രതിരോധിച്ചത്. ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാചകവാതക വിലയിൽ വൻ വർദ്ധനവാണ് എണ്ണക്കമ്പനികൾ വരുത്തിയിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോയുടെ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിലെ പുതിയ നിരക്കനുസരിച്ച് വാണിജ്യ സിലിണ്ടറിന്റെ വില 2078 രൂപയിൽ നിന്ന് 3071 രൂപയായി ഉയർന്നു. കൂടാതെ, അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകൾക്ക് 261 രൂപയുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. എന്നാൽ, നിലവിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

ഇറാൻ സംഘർഷങ്ങൾ ആരംഭിച്ച് ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള സമുദ്രപാതകൾ തടസ്സപ്പെട്ടതിന് ശേഷം മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിൽ ഒന്നിൽ 200 രൂപയോളവും വർദ്ധിപ്പിച്ചിരുന്നു. ഇതിനുപുറമെ, ലഭ്യതക്കുറവ് മൂലം വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് കമ്പനികൾ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കടുത്ത നിയന്ത്രണങ്ങളും അടിക്കടിയുള്ള വിലവർദ്ധനവും സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റോറന്റ് വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *