ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു യൂട്യൂബര്‍ വൈറലാകാന്‍ വേണ്ടി നടത്തിയ സാഹസം നാട്ടുകാര്‍ക്കും പൊലീസിനും ഒരുപോലെ തലവേദനയായി മാറി. നീലേശ്വര്‍ എന്നറിയപ്പെടുന്ന യൂട്യൂബറാണ് വൈറലാകാനായി മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്. ഇത് ലൈവായി തന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ടവറില്‍ കയറുന്നത് വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തത്.
അതേസമയം, സംഭവം കണ്ട പ്രദേശവാസികള്‍ക്ക് ആദ്യം കാര്യം മനസിലായില്ല. കാര്യമെന്തെന്ന് അന്വേഷിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ട് പേടിച്ച നീലേശ്വരിന്റെ സുഹൃത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതോടെ നീലേശ്വര്‍ ടവറിന്റെ മുകളില്‍ കുടുങ്ങി.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ടവറില്‍ നിന്ന് താഴെയിറക്കാന്‍ ഏറെ പാടുപെട്ടു. ഏകദേശം അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യൂട്യൂബറെ സുരക്ഷിതമായി താഴെയിറക്കാനായി സാധിച്ചത്.