കല്പറ്റ : വയനാട്ടില്‍ ഉരുപൊട്ടലുണ്ടായ സ്ഥലങ്ങളില്‍ വീടും കച്ചവട തൊഴില്‍ മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസപദ്ധതി നടപ്പിലാക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് കേരള നദ് വതുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇതിനായി കെ. എന്‍. എം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ ആവശ്യമായ അടിയന്തിര സഹായങ്ങളെല്ലാം സര്‍ക്കാറും സന്നദ്ധ സംഘങ്ങളും ചെയ്ത് വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്യുന്ന ഐ. എസ്.എം ഈലാഫ് പ്രവര്‍ത്തകരും വയനാട്ടിലെ കെ .എന്‍ . എം ഭാരവാഹികളുമായി ഡോ. മടവൂര്‍ ചര്‍ച്ച നടത്തി. ഈലാഫ് ആംബുലന്‍സുകള്‍ രാപ്പകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ജില്ലാ കെ.എന്‍. എം നേതാക്കളായ കെ.എം. കെ ദേവര്‍ഷോല , സി.കെ.ഉമ്മര്‍ പിണങ്ങോട് , സയ്യിദ് അലി സലാഹി കല്പറ്റ , ഉമ്മര്‍ ഹാജി ബത്തേരി, ഖത്തര്‍ ഇബ്‌റാഹിം മേപ്പാടി, അശ്‌റഫ് വെള്ളമുണ്ട, യൂനുസ് ഉമരി , ഹുസൈന്‍ മൗലവി , നജീബ് കാരാടന്‍ തുടങ്ങിയവരോടൊപ്പം അദ്ദേഹം ദുരിതാശ്വാസ കേമ്പുകള്‍ സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ട പള്ളി ഇമാം ശിഹാബ് ഫൈസിയുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് രൂപതാ ബിഷപ്പ് റവ.ഡോ. വര്‍ഗീസ് ചക്കാലക്കലിനെ പനമരം ജുമാമസ്ജിദ് ഇമാം മുസ്തഫ ഫൈസിയും ഭാരവാഹികളും സ്വീകരിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഡോ. ഹുസൈന്‍ മടവൂര്‍, മുന്‍ എം.എല്‍.എ സി മമ്മുട്ടി തുടങ്ങിയവരുമായി ബിഷപ്പ് ചര്‍ച്ച നടത്തി. ദുരിതാശ്വാസ, പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ ഒരു വ്യത്യാസവും നോക്കാതെ മനുഷ്യരൊന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. യൂനുസ് സലിം, അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, മൂസക്കോയ പരപ്പില്‍, മുസ്തഫ നുസരി എന്നിവര്‍ ഹുസൈന്‍ മടവൂരിനെ അനുഗമിച്ചു.