ന്യൂഡല്‍ഹി: കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മണിക്കം ടാഗോര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ലമെന്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. പാര്‍ലമെന്റ് ലോബിക്ക് അകത്തും പ്രസിഡന്റ് പാര്‍ലമെന്റിലേക്ക് വരുന്ന വഴിയിലും ചോര്‍ച്ചയുണ്ടെന്ന് അദ്ദേഹം നോട്ടീസില്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനകം കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതിനെക്കാള്‍ നല്ലത് പഴയ പാര്‍ലമെന്റ് മന്ദിരമാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. പുതിയ മന്ദിരത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ പഴയ മന്ദിരത്തിലേക്ക് മടങ്ങുന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് പുതുതായി നിര്‍മിച്ച എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് ഏതെങ്കിലും പ്രത്യേക ഡിസൈന്‍ മൂലമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ആളുകള്‍ ചോദിക്കുന്നെന്നും അഖിലേഷ് പരിഹസിച്ചു.
20,000 കോടി രൂപ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. 2023 മെയ് 28നാണ് പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.