സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടർന്ന് മികച്ച രക്ഷാപ്രവർത്തനമാണ് അപകടമുനമ്പിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നസർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥ വിഷയത്തിൽ കുസാറ്റിന്റെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ തടയേണ്ടതുണ്ട്. സമയബന്ധിതമായി കൃത്യം ലക്ഷ്യത്തോടെ വേണം പുനരധിവാസം നടപ്പാക്കാനെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സർക്കാറിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. മരണപ്പെട്ടവരിൽ അന്യസംസ്ഥാനക്കാരുടെ കണക്ക് കൃത്യമായി കണ്ടെത്തണം. എല്ലാ എംപിമാരുടെയും ഫണ്ട് പുനരധിവാസ പ്രവർത്തനത്തിന് ഉപയോഗിക്കാവുന്നതാണ്. പുനരധിവാസത്തിന്റെ എല്ലാ വശങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരണമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മാനസിക സ്ഥിതി ഭയാനകമാണെന്നും അവർക്ക് കൂടുതൽ കാര്യക്ഷമമായ കൗൺസിലിംഗ് നൽകണമെന്നും സ്ഥലം എംഎൽഎ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. പുനരധിവാസത്തിനായി വലിയ കൂട്ടായ്മയ്ക്ക് സർക്കാർ നേതൃത്വം കൊടുക്കണം. കാണാതായ ആളുകളെ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മലപ്പുറത്ത് കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ വയനാട്ടിൽ തന്നെ സൗകര്യമൊരുക്കണമെന്ന് പി പി സുനീർ എംപി ആവശ്യപ്പെട്ടു. വെള്ളാർമല സ്കൂളിലെ കുട്ടികളെ മുഴുവൻ വേറെ സ്കൂളിലേക്ക് മാറ്റണമെന്നും കാലാവസ്ഥ നിരീക്ഷിക്കാൻ പ്രത്യേക സൗകര്യം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംഷാദ് സമരക്കാർ ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പുനരധിവാസ പ്രക്രിയയെ സഹായിക്കുമെന്ന് യോഗത്തിന് ഒടുവിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ക്യാമ്പുകൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിപ്പിക്കാൻ പറ്റില്ല. കുറച്ചു ദിവസം കൂടി തുടരേണ്ടി വരും. ക്യാമ്പ് നടത്തിപ്പ് അവിടെയുള്ള സിസ്റ്റത്തിലൂടെ വേണം നടക്കാൻ. അന്യസംസ്ഥാനക്കാരുടെ വിഷയം പ്രത്യേകമായി തന്നെ സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.കളക്ടറേറ്റിലെ എപിജെ ഹാളിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി എൻ വാസവൻ, ഒ ആർ കേളു, വി അബ്ദുറഹ്മാൻ, എം എൽഎമാരായ എം കെ മുനീർ, അഹമ്മദ് ദേവർകോവിൽ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ് ദർവാസ് സാഹിബ്, ജില്ലാ കലക്ടർ മേഖശ്രീ ഡി ആർ, ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ്, പ്രസാദ് മലവയൽ (ബിജെപി), മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, മുൻ എംപി എം വി ശ്രേയാംസ് കുമാർ, ഉമ്മർ (ജെഡിഎസ്), കെ കെ ഹംസ (ആർജെഡി), പ്രവീൺ തങ്കപ്പൻ (ആർഎസ്പി), കെ ജെ ദേവസ്യ (കേരള കോൺഗ്രസ് എം), എം സി സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് ജേക്കബ്), ശശികുമാർ (കോൺഗ്രസ് എസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), എ പി കുര്യാക്കോസ് (ജെകെസി), ഭാഗീരഥൻ (കേരള കോൺഗ്രസ് ബി), എം ആർ രാമകൃഷ്ണൻ (ആർഎംപി), ജോസഫ് കളപ്പുര (കേരള കോൺഗ്രസ് ജോസഫ്), അജി കൊളോണിയ (ആപ്), ഗോപകുമാർ (ബിഎസ്പി), ശിവരാമൻ സി എം (എൻസിപി) തുടങ്ങിയവർ സംബന്ധിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020