ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യു യോഗത്തെ അറിയിച്ചു. ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തെരച്ചിലിനായി സ്ഥലത്തുണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്നിഫർ നായകളും തെരച്ചിലിനായി സ്ഥലത്തുണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങൾ എത്തിക്കാൻ പാലം പണിയൽ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെ പ്രവൃത്തി ചെയ്തതിനാൽ ബെയ്‌ലി പാലം ഇന്ന് (വ്യാഴം) ഉച്ചയോടെ പൂർത്തിയാകുമെന്ന് മാത്യു പറഞ്ഞു. കേരള പൊലീസിന്റെ 1000 പേർ തെരച്ചിൽ സ്ഥലത്തും 1000 പൊലീസുകാർ മലപ്പുറത്തും പ്രവർത്തന രംഗത്ത് ഉണ്ടെന്ന് എഡിജിപി എം ആർ അജിത്കുമാർ അറിയിച്ചു. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്കാരവുമാണ് പ്രശ്നമായി അവശേഷിക്കുന്നത്. മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് മാനസികാഘാത പ്രശ്നമുണ്ട്. കൗൺസിലിംഗ് നൽകിവരുന്നു. പകർച്ചവ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാൻ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയിൽ സംസാരിക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ അറിയിച്ചു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ട്. ഇതിൽ 59 എണ്ണം ഉപയോഗിക്കുന്നു. മൊബൈൽ ഫ്രീസർ നൽകാൻ കർണാടക തയാറായിട്ടുണ്ട്. കാണാതായ ആളുകളെ കണ്ടെത്താൻ പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. അറിയപ്പെടാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകൾ തീരുമാനിക്കും. ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങൾ സപ്ലൈക്കോ വഴിയാണ് എത്തിക്കുന്നതെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഉരുൾപൊട്ടൽ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് യോഗത്തിന്റെ ഒടുവിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെട്ടെന്നുതന്നെ പാലം പ്രവൃത്തി പൂർത്തീകരിക്കുന്നതിന് പട്ടാളത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി എൻ വാസവൻ, ഒ ആർ കേളു, വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ്‌ ദർവാസ് സാഹിബ്, ജില്ലാ കളക്ടർ മേഖശ്രീ ആർ ഡി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *