സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വെല്ലുവിളിയായി സീറ്റുകളുടെ എണ്ണക്കുറവ്. എഴുപതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് വടക്കന്‍ ജില്ലകളില്‍ മാത്രം ഉളളത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്.

പരീക്ഷയെഴുതിയവരില്‍ പകുതിയോളം പേര്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയ നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 570പേര്‍ പത്താം ക്ലാസ് പാസായപ്പോള്‍ അതില്‍ 235പേര്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. ആകെ ഈ സ്‌കൂളിലെ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണമാകട്ടെ 420 ഉം. മാനേജ്‌മെന്റ് ക്വാട്ട, സംവരണം ഉള്‍പ്പെടെ വിവിധ മുന്‍ഗണനാക്രമങ്ങള്‍ക്കൂടി ആകുന്നതോടെ എ പ്ലസുകാര്‍ക്കു പോലും ഇഷ്ടവിഷയത്തില്‍ സീറ്റ് തികയാതെ വരികയും ചെയ്യുന്നു.

തൃശ്ശുര്‍ മുതല്‍ കാസര്‍കോട് വരെയുളള ഏഴ് ജില്ലകളിലെ ഒട്ടുമിക്ക സ്‌കൂളുകളിലെയും സ്ഥിതി ഇതു തന്നെ. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായ മലപ്പുറത്ത് ആകെ 75,257 കുട്ടികളാണ് പത്താം ക്ലാസ് പാസായത്. എന്നാല്‍ ഇവിടെ ആകെയുളളത് 50,340 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രം. അതായത് 25,000ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് മറ്റു വഴികള്‍ തേടണമെന്ന് ചുരുക്കം. ഈ ഏഴ് ജില്ലകളിലെ കണക്ക് നോക്കിയാല്‍ കുറവുളള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അറുപതിനായിരത്തോളമാണ്.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഈ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സീറ്റ് കൂട്ടാന്‍ മന്ത്രി സഭ തീരുമാനിക്കുകയും ചെയ്തു. അതായത് 1,99,276 സീറ്റുകളുളള ഏഴ് വടക്കന്‍ ജില്ലകളില്‍ 40000 സീറ്റ് വരെ കൂട്ടാം. അങ്ങിനെ വന്നാലും 20000ത്തോളം സീറ്റുകളുടെ കുറവ്. സിബിഎസ്ഇ ഐസിഎസ്‌സി സിലബസുകളില്‍ പഠിച്ച കുട്ടികള്‍ കൂടി എത്തുന്നതോടെ പ്രതിസന്ധിയുടെ തോത് ഉയരും. സ്ഥിതി സങ്കീര്‍ണ്ണം മലബാറിലാണെങ്കിലും തെക്കന്‍ കേരളത്തിലെ ചില ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകളടെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *