കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ മൂന്നാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്ന തരത്തിലാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 18 കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ആകെ ദൈർഘ്യം. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് ശേഷം ഈ റിപ്പോർട്ട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും.
നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിവരുന്നത്. ഇതിനുപുറമെ, കലൂരിൽ നിന്നും ഇൻഫോപാർക്കിലേക്കുള്ള മെട്രോയുടെ നിർമ്മാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കെ.എം.ആർ.എല്ലിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ പാത ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോയുടെ തുടക്കം മുതൽ തന്നെ നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടണമെന്നത് യാത്രക്കാരുടെ ശക്തമായ ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം.ആർ.എൽ നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് ഇപ്പോൾ സർക്കാരിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. കരിയാട്, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവയിലൂടെ കടന്നുപോയി അങ്കമാലിയിൽ എത്തുന്ന രീതിയിലാണ് പുതിയ പാതയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.
