കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണ കേസിൽ പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ പരാതിക്കാരായ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി രേഖപ്പെടുത്തും. കൂടാതെ, സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

കെഎസ്‌യു പ്രവർത്തകർക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിയമപരമായി നിലനിൽക്കുമോയെന്ന കാര്യവും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായിരുന്നു.

വീണാ ജോർജിന് പരിക്കേറ്റതിനെ തുടർന്ന് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാന്റെ പരാതിയെങ്കിലും, കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന നിലപാടിലാണ് മുൻ മന്ത്രി മൊഴി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *