കോഴിക്കോട്: മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന മരുന്ന് മുന്നൊരുക്കങ്ങളൊന്നും പാലിക്കാതെ ലാഘവത്തോടെയാണ് നൽകിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനമ്പാടി സ്വദേശി സിന്ധുവായിരുന്നു മരിച്ചത്.നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാർത്ഥിയാണ് കുത്തിവെപ്പെടുത്തത്. മരുന്ന് കുത്തിവെച്ച ശേഷം മൊബൈലിൽ സംസാരിച്ച് അവർ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. രോഗിയെ നിരീക്ഷിക്കാൻ ഡോക്ടറോ നഴ്‌സോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രോഗിക്ക് അസ്വസ്ഥതയുണ്ടായ കാര്യം ബന്ധുക്കൾ അറിയിച്ചപ്പോൾ അതൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് ഹെഡ് നഴ്‌സ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

മരുന്നിന് റിയാക്ഷൻ ഉണ്ടായാൽ ഉടൻ നൽകേണ്ട മറുമരുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരുന്നില്ല. രണ്ട് ഡോക്ടർമാർ വാർഡിൽ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റിന് ശേഷമാണ് നഴ്‌സ് വിളിച്ചറിയിച്ചത് അനുസരിച്ച് ഡോക്ടർ എത്തിയത്. പിന്നീട് മറ്റൊരു ഡോക്ടറെയും വിളിച്ചു വരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുക മാത്രമാണ് ചെയ്തത്. മറുമരുന്ന് നൽകുകയോ ഓക്‌സിജൻ നൽകുകയോ ചെയ്തില്ല. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആശുപത്രി ജീവനക്കാർ നടത്തിയില്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്.

ഡെങ്കിപ്പനി പോലുള്ള അവസ്ഥയിൽ ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കുന്ന മരുന്നാണ് സിന്ധുവിന് കുത്തിവെച്ചത്. സിന്ധുവിന് ഡെങ്കിപ്പനി ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റ് ആശുപത്രികളിൽ ഈ ഇൻഞ്ചെക്ഷൻ സൂക്ഷിച്ചേ ഉപയോഗിക്കാറുള്ളൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം. സിന്ധുവിനെ ആദ്യം ചികിത്സിച്ച ഹെൽത്ത് സെന്ററിലും വീട്ടിലുമെന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. മരുന്ന് മാറിയതല്ല, പാർശ്വഫലം കാരണമാണ് രോഗി മരിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിലും പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *