കണ്ണൂർ വാരിയേഴ്സിനെ 3–2ന് വീഴ്ത്തി തിരുവനന്തപുരം; പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്ത്
കണ്ണൂർ: അഞ്ച് ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ 3–2ന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഷാനു നേടിയ ഗോളാണ് കൊമ്പൻസിന് ആവേശജയം സമ്മാനിച്ചത്.
ജാവോ പരഡേസ്, ഷിനു, ഷാനു എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഉമാശങ്കറും ബോഗ്ദൻ സ്റ്റമൻകോവിച്ചും കണ്ണൂരിന്റെ ഗോളുകൾ സ്വന്തമാക്കി. ആറ് മത്സരങ്ങളിൽനിന്ന് കൊമ്പൻസിന് എട്ട് പോയന്റും കണ്ണൂർ വാരിയേഴ്സിന് ഏഴ് പോയന്റുമാണുള്ളത്.
ആറാം മിനിറ്റിൽ തന്നെ ജാവോ പരഡേസിലൂടെ കൊമ്പൻസ് മുന്നിലെത്തി. കണ്ണൂർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഷിജിൻ നൽകിയ ത്രൂ പാസ് സ്വീകരിച്ച ജാവോ അനായാസം പന്ത് വലയിലെത്തിച്ചു. എന്നാൽ 23-ാം മിനിറ്റിൽ സിനാന്റെ ക്രോസിൽ ഉമാശങ്കർ തകർപ്പൻ വോളിയിലൂടെ കണ്ണൂരിനെ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പാട്രിക്ക് മോട്ടയുടെ കോർണറിൽനിന്ന് ക്യാപ്റ്റൻ ഷിനു ഗോൾ നേടിയതോടെ കൊമ്പൻസ് വീണ്ടും മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുംമുമ്പ് ബോഗ്ദൻ സ്റ്റമൻകോവിച്ചിലൂടെ കണ്ണൂർ തിരിച്ചടിച്ചു. ഇതോടെ നാല് ഗോളുകൾ പിറന്ന ആദ്യ പകുതി 2–2ന് സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും നിർണായക നിമിഷങ്ങളിൽ കൊമ്പൻസാണ് മുന്നിലെത്തിയത്. 59-ാം മിനിറ്റിൽ ഫെഡറിക് ബോച്ച്വെയ്ക്ക് ലഭിച്ച അവസരം ഗോളാക്കാനായില്ല. തുടർന്ന് പകരക്കാരായി ഇറങ്ങിയ ഹൃതിക്ക് ആന്റണി, ജോസഫ് ഗോർഡൻ, ഷാനു എന്നിവർ കൊമ്പൻസിന്റെ ആക്രമണത്തിന് കരുത്തുപകർന്നു.
88-ാം മിനിറ്റിൽ ഷാനുവിന്റെ മികവിലാണ് കൊമ്പൻസ് വിജയഗോൾ നേടിയത്. താരത്തിന്റെ ആദ്യ ഷോട്ട് കണ്ണൂർ ഗോൾകീപ്പർ ഹജ്മൽ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ പന്ത് വീണ്ടെടുത്ത ഷാനു തകർപ്പൻ ഗ്രൗണ്ടർ ഷോട്ടിലൂടെ വല കുലുക്കി. ഇതോടെ കൊമ്പൻസിന് 3–2ന്റെ ആവേശവിജയം.
ഇന്ന് മലപ്പുറം–കാലിക്കറ്റ് പോരാട്ടം
വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള ആറാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 1) മലപ്പുറം എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ഇരു ടീമുകളും ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഷൂട്ടൗട്ടിൽ 4–3ന് കാലിക്കറ്റിനായിരുന്നു വിജയം.
