താഴെ പടനിലത്തെ വെള്ളക്കെട്ടിന് പരിഹാരവുമായി നാഷണൽ ഹൈവേയിൽ പുതിയ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടികളായി. കാലവർഷത്തിൽ വെള്ളം പൊങ്ങുന്നത് മൂലം ഗതാഗത സ്തംഭനം പതിവായിരുന്ന താഴെ പടനിലത്ത് റോഡിന്റെ ഉയരം കൂട്ടിയും പുതിയ കൾവർട്ട് നിർമ്മിച്ചുമാണ് നവീകരണം നടത്തുന്നത്. റോഡ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കുന്നതിനും തിരിച്ചുവിടുന്നതിനുമുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് പിടിഎ റഹീം എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്.

നാഷനൽ ഹൈവേയിൽ കുന്ദമംഗലം മുതൽ മണ്ണിൽകടവ് വരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് പരിഷ്കരണ പ്രവൃത്തികൾ നടത്തുന്നത്. ഇതിനായി 15.56 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. മേൽമുറി ആസ്ഥാനമായ പിഎംആർ കൺസ്ട്രക്ഷൻസ് ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഡിസംബർ 5 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന റോഡ് പ്രവൃത്തിയുടെ ഭാഗമായി താഴെ പടനിലം ഭാഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും ഗതാഗതം തിരിച്ചു വിടുന്നതിന്റെ സാധ്യതകളെക്കുറിച്ചും എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് അന്തിമ രൂപം നൽകി. വയനാട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ താമരശ്ശേരി വരിട്ട്യാക്കിൽ റോഡ് വഴിയും കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ സിഡബ്ല്യുആർഡിഎം പെരിങ്ങളം മിൽമ വഴിയും തിരിച്ചു വിടുന്നതിന് നടപടികൾ സ്വീകരിക്കും. ഏറെക്കാലം ഗതാഗത സ്തംഭനമുണ്ടാക്കാതെ യുദ്ധകാലടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.

പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്, യുസി പ്രീതി, മെമ്പർമാരായ കെ ഫാത്തിമ ജസ്ലിൻ, നജീബ് പാലക്കൽ, യുസി ബുഷ്റ, പി കൗലത്ത്, ദേശീയപാത കോഴിക്കോട് ഡിവിഷൻ എക്സി. എഞ്ചിനീയർ കെ വിനയരാജ്, അസി. എക്സി. എഞ്ചിനീയർ റെനി പി മാത്യു, പോലീസ് ഇൻസ്പെക്ടർമാരായ യൂസഫ് നടുത്തറമ്മൽ, എൽ സുരേഷ് ബാബു, വ്യാപാരി പ്രതിനിധികളായ എം ബാബുമോൻ, ഒ വേലായുധൻ, അസി. എഞ്ചിനീയർമാരായ സിടി പ്രസാദ്, എം സുനോജ് കുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *