ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി .പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു.

എല്ലാ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ രാവിലെ മഴ മാറി നിന്നത് ആശ്വാസമായി. നിലവിൽ ചെന്നൈയിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് ചെന്നൈയിലുള്ളത്. ചെന്നൈ വിമാനത്താവളം പുലർച്ചെ ഒരു മണിക്ക് തുറന്നെങ്കിലും ചില വിമാനങ്ങൾ വൈകി. ചെന്നൈയിൽ നാല് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ആന്ധ്രയുടെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *