രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തില്‍ കോൺഗ്രസിൻ്റെ നയം വ്യക്തമായി പറഞ്ഞു കഴിഞ്ഞുവെന്ന് കെ മുരളീധരൻ. രാഹുൽ പാർട്ടിക്ക് പുറത്താണ്. അതിനതീതമായി അനുകൂലിച്ച് ആരെങ്കിലും രംഗത്ത് വന്നാൽ, അവർ നിയമം നടപടി നേരിടേണ്ടി വരുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാങ്കൂട്ടത്തിൽ വിഷയം ലൈവ് ആക്കി നിർത്തിയാൽ ഞങ്ങൾ അതിൽ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നയം കെ പി സി സി വ്യക്തമാക്കി കഴിഞ്ഞു. അതിനെതിരെ ആര് തിരിഞ്ഞാലും അതിൻ്റെ ഭവിഷ്യത്തുകൾ നേരിട്ടോളണം. രാഹുൽ ഇനി കോൺഗ്രസുകാരൻ അല്ല. തെരഞ്ഞെടുപ്പ് പടിവാതിലിൽക്കലാണ്. രാജ്മോഹൻ ഉണ്ണിത്താനെയും വി ഡി സതീശനെയും വിമർശിക്കുന്നവർ കോൺഗ്രസുകാർ അല്ല. അവർക്ക് അവരുടെ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുൽ ഈശ്വറിനെതിരെയുള്ള നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ചില വൃത്തികെട്ടവൻമാർ എന്തും വിളിച്ചു പറയാമെന്ന് കരുതരുത്. അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
