കാനഡയില്‍ വിദേശികള്‍ക്ക് ഇനി വീട് വാങ്ങാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം.ഞായറാഴ്ച മുതലാണ് ഈ വിലക്ക് പ്രാബല്യത്തിൽ വന്നത്.അഭയാര്‍ഥികള്‍ക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും വിലക്കില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
വേനൽക്കാല വസതികൾ ഉൾപ്പെടെയുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിനു വിലക്കില്ല.
കാനഡയിലെ പൗരന്‍മാര്‍ക്ക്‌ വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് അവര്‍ക്ക് കൂടുതല്‍ താമസ സ്ഥലങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കാനഡയില്‍ വീടുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ തദ്ദേശവാസികള്‍ക്ക് താമസസ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാന വാഗ്ദാനവും വിദേശികള്‍ വീട് വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്നതായിരുന്നു. കനേഡിയന്‍ ഭവനങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നും ഇതാണ് വീടുകളുടെ വിലയുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ നിക്ഷേപകര്‍ സ്വന്തമാക്കുന്ന പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകള്‍ക്ക് നിക്ഷേപകര്‍ക്കുള്ളതല്ല മറിച്ച് ആളുകള്‍ക്ക് താമസിക്കാനുള്ളതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.കാനഡയില്‍ അഞ്ച് ശതമാനത്തില്‍ താഴെമാത്രമാണ് വിദേശികളുള്ളത്. അതുകൊണ്ടുതന്നെ വീടുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് വീടുകളുടെ വില കുറയാന്‍ സഹായിക്കില്ലെന്നും പകരം, കനേഡിയന്‍ പൗരന്‍മാര്‍ക്ക്‌ കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *