കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയില്‍ മറിഞ്ഞ് കത്തിയ കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചെറിഞ്ഞു. കാണാതായ യുവാവാവിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട് ലെനീഷ് റോബിന്‍സിന്റെതാണ് (38) മൃതദേഹം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ ലെനീഷ് അവിടെ കുടുംബസമേതം താമസിക്കുകയാണ്. നാന്‍സിയാണ് ഭാര്യ. മകള്‍: ജിയോന.
ഇന്നലെ വീട്ടില്‍നിന്ന് സിനിമകാണാന്‍ പോയ ലെനീഷ് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴും കിട്ടിയിരുന്നില്ല. സിനിമ കണ്ട് തിരികെ വരുന്നതിനിടെ അപകടത്തില്‍ പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഒഴുകുപാറയ്ക്കലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാര്‍ കത്തിയനിലയില്‍ കണ്ടെത്തിയത്. റോഡില്‍നിന്ന് 50 അടിയോളം താഴ്ചയില്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു വാഗണര്‍ കാര്‍. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ലെനീഷിന്റെ മൃതദേഹം. റോഡില്‍നിന്ന് കുത്തനെയുള്ള താഴ്ചയില്‍ റീപ്ലാന്റ് ചെയ്ത റബര്‍ തോട്ടത്തിലാണ് കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടത്. ചടയമംഗലം, അഞ്ചല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.