കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരേ(കെ.എഫ്.സി) അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയൻസിൽ പണം നിക്ഷേപിച്ചത്. ചട്ടങ്ങളെല്ലാം പൂർണമായും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ആക്ഷേപങ്ങൾക്ക് തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഏത് ധനകാര്യ സ്ഥാപനവും മിച്ചംവരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സി.ക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എൻ.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ. അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. മൂന്നാമതായി, ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് റിലയന്‍സിന്(ആർ.സി.എഫ്.എൽ) നല്‍കിയത്.

നിക്ഷേപം നടത്തുന്ന വർഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. സതീശൻ കുറച്ചുകൂടെ പഠിക്കുന്നത് നല്ലതാണ്. ടെൻഡർ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. രണ്ട്, ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കിൽ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ. നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടിൽ ആലോചന നടക്കുന്നുണ്ട്’, ഐസക് പറഞ്ഞു.

2018-ലെ നിക്ഷേപത്തിന് 52 ശതമാനം ലഭിച്ചാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറയുന്നതനുസരിച്ച 101 കോടിയെങ്കിലും ലഭിക്കേണ്ടേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ബിസിനസ്സില്‍ അങ്ങിനെയൊക്കെയുണ്ടാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. ‘എന്തിനാണ് 60 കോടി രൂപ നിക്ഷേപം നടത്തിയത്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു. അതിന്റെ ഫലമായി 2000 കോടിയുണ്ടായിരുന്ന വായ്പ 4000 കോടിയായി. അതില്‍നിന്നുള്ള വരുമാനവുമില്ലേ’, അദ്ദേഹം ചോദിച്ചു.

​ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ കെ.എഫ്.സി. 60 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിൽ. 2019-ൽ അനിൽ അംബാനിയുടെ കമ്പനി പൂട്ടി. തുടർന്ന്, പാപ്പരത്ത നടപടികളുടെ ഭാ​ഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *