കോട്ടയം: ക്ഷേത്രത്തിലെ വസ്ത്രധാരണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല, ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനത്തിനിടെയാണ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി കയറുന്ന ആചാരം ഒഴിവാക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെയാണ് കടുത്ത ഭാഷയില്‍ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചത്. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ ആചാരമുണ്ടെന്നും ഹിന്ദുവിന്റെ നേരെയെല്ലാം അടിച്ചേല്‍പ്പിക്കാമെന്ന് തോന്നല്‍ അംഗീകരിക്കാനാവില്ലെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
അതേസമയം സനാതന ധര്‍മം സംബന്ധിച്ച മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എന്‍എസ്എസ് കടുത്ത വിമര്‍ശനം ഉയര്‍ത്തുമ്പോഴും എസ്എന്‍ഡിപി യോഗം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
രമേശ് ചെന്നിത്തല എന്‍എസ്എസിന്റെ പുത്രനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.അദ്ദേഹത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനായി വിളിച്ചത് കോണ്‍ഗ്രസ് എന്ന മുദ്രയിലല്ല. രമേശ് കളിച്ച് നടന്ന കാലം മുതല്‍ എന്‍എസ്എസിന്റെ സന്തതിയാണെന്നും അദ്ദേഹം വ്യക്തമാക്കി