വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലില്‍ സിദ്ധാര്‍ഥന് നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍.സിദ്ധാര്‍ത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നല്‍കാതെ മര്‍ദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളം നല്‍കിയില്ല. മരിച്ച ദിവസവും മര്‍ദ്ദനം നേരിട്ടു. കൊടും ക്രൂരതകളുടെ വിവരണങ്ങളാണ് ഇന്നലെ പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന ആന്റ് റാഗിങ് കമ്മിറ്റി യോഗത്തില്‍ പുറത്തുവന്നത്. ഹോസ്റ്റലിലെ 21ാം നമ്പര്‍ മുറി, നടുമുറ്റം, വാട്ടര്‍ടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലെല്ലാം എത്തിച്ച് സിദ്ധാര്‍ഥനെ പ്രതികള്‍ മര്‍ദ്ദിച്ചു. ബല്‍റ്റ് ഉപയോഗിച്ച് നടത്തിയ മര്‍ദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു.

മുടിയില്‍ പിടിച്ചു വലിക്കുകയും കവിളത്തു പലതവണ അടിക്കുകയും വയറിലും നെഞ്ചിലും ആഞ്ഞുതൊഴിക്കുകയും ചെയ്തതായി ആന്റി റാഗിങ് സ്‌ക്വാഡിന് വിദ്യാര്‍ഥികളുടെ മൊഴി. പ്രതികള്‍ മാത്രമല്ല ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളെ കൊണ്ടും സിദ്ധാര്‍ഥനെ ഉപദ്രവിച്ചു. ഉറങ്ങിക്കിടന്നിരുന്നവരെ പോലും വിളിച്ചുവരുത്തിയ സിദ്ധാര്‍ഥനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലര്‍ സിദ്ധാര്‍ഥനെ അടിച്ചശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതായി ആന്റി റാഗിങ് സ്‌ക്വാഡ് വ്യക്തമാക്കി. സിദ്ധാര്‍ഥന്‍ നേരിട്ട ആള്‍ക്കൂട്ട മര്‍ദ്ദനം കാണാന്‍ ഹോസ്റ്റല്‍നിവാസികള്‍ നിര്‍ബന്ധമായും എത്തണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെ നടുമുറ്റത്തേക്കു വിളിച്ചുവരുത്തിയതിനു ശേഷം സിദ്ധാര്‍ഥനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു.

നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. പതിനാറാം തിയതി തുടങ്ങിയ മര്‍ദ്ദനം കടുത്തപ്പോള്‍ സിദ്ധാര്‍ഥന്‍ കടുംകൈ ചെയ്‌തേക്കാമെന്ന തോന്നലില്‍ 17ന് രാത്രി മുഴുവന്‍ പ്രതികള്‍ കാവലിരുന്നിരുന്നു. എന്നാല്‍ 18ന് രാവിലെ സിദ്ധാര്‍ഥനു വലിയ കുഴപ്പമില്ലെന്നു വിലയിരുത്തിയ സംഘം ഉച്ച വരെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. പിന്നാലെയാണ് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 98 വിദ്യാര്‍ഥികളാണ് അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *