പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥനെ ആക്രമിച്ചവരില്‍ നാല് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍ എന്നിവര്‍ക്കാണ് ലുക്ക്ഔട്ട് നോട്ടീസ്. അതേസമയം ആക്രമിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കൂടി നടപടി. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇന്റേഷണല്‍ പരീക്ഷാ വിലക്ക്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.
12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അക്രമം നോക്കി നിന്ന മുഴുവന്‍ പേര്‍ക്കും ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കി. 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉള്ളവര്‍ക്കാണ് ശിക്ഷ. കേസിലെ പ്രതികളായ 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍,അമല്‍ ഇഹ്സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.