പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി ഉത്തരവ്. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം മെയ്‌ 1 മുതൽ നടപ്പിലാക്കണം.ഇതിന് അനുയോജ്യമായ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് ആർടിഒമാർക്കും ജോയിന്‍റ് ആർടിഒമാർക്കും കർശന നിർദേശം നൽകി. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നതിന് മുന്നോടിയായി ലേണേഴ്‌സ് ടെസ്റ്റിന് അനുവദിക്കാവുന്ന അപേക്ഷകരുടെ എണ്ണത്തിൽ ഏപ്രിൽ 1 മുതൽ ആനുപാതികമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശം നൽകി.ഈ മാസം 15ന് മുൻപായി ആർടിഒമാരും ജോയിന്‍റ് ആർടിഒമാരും ഡ്രൈവിങ് ടെസ്റ്റ് സ്ഥലം കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് നിർദേശം. നിലവിലെ ടെസ്റ്റ്‌ നടത്തുന്ന ഗ്രൗണ്ടുകൾ പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് അനുയോജ്യമാക്കാമെന്നും സർക്കുലറിൽ പറയുന്നു. അല്ലെങ്കിൽ സമചതുരാകൃതിയിൽ 13.5 സെന്‍റ് സ്ഥലം ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി കണ്ടെത്തി, സ്ഥല ലഭ്യത, രൂപരേഖ, എന്നിവ അടക്കമുള്ള റിപ്പോർട്ട്‌ 15നകം ഹാജരാക്കാനാണ് നിർദേശം.ടെസ്‌റ്റുകൾക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നാണ് നിർദേശം. അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ ഭൂമി ലഭ്യമാക്കണം. ഇവ ലഭ്യമല്ലെങ്കിൽ മാത്രമേ സ്വകാര്യ ഭൂമി പരിഗണിക്കാവൂ.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് അനുസൃതമായി ടെസ്റ്റിങ് ഗ്രൗണ്ടിൽ കൃത്യമായ രേഖപ്പെടുത്തലുകൾ ഉണ്ടാകണം. അപേക്ഷകർക്കും പൊതുജനങ്ങൾക്കുമുള്ള കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ളം, ശുചിമുറികൾ, വാഹന പാർക്കിങ് എന്നീ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം. ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി റിപ്പോർട്ട്‌ ചെയ്യണം.മെയ് 1 മുതൽ പരിഷ്‌കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിൽ വീഴ്‌ച വരുത്തിയാൽ അതിന്‍റെ ഉത്തരവാദിത്തം അതാത് ആർടിഒ ജോയിന്‍റ് ആർടിഒമാർക്ക് ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സർക്കുലറിൽ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *