സോളാർ പാനലുകളുടെ ഇറക്കുമതിക്ക് സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. സോളാർ പാനലുകളുടെ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സോളാർ പാനലുകളുടെ നിർമ്മാണം കുറവായതിനാലാണ് 2024 മാർച്ച് 31 വരെ ഇറക്കുമതി അനുവദിച്ചിരുന്നത്. 2021ലാണ് ഇവയുടെ ഇറക്കുമതിക്ക് സർക്കാർ ആദ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.2021-ൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മാത്രം സോളാർ പാനലുകൾ വാങ്ങാൻ സോളാർ പദ്ധതി നടപ്പിലാക്കുന്നവരോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പിന്നീട് സർക്കാർ ഇതിൽ ഇളവ് നൽകി. 2023-24 വർഷത്തേക്ക്, 2024 മാർച്ച് 31 ന് മുമ്പ് ആരംഭിച്ച പദ്ധതികൾക്ക് അംഗീകൃത മോഡലുകളുടെയും നിർമ്മാതാക്കളുടെയും ഭാഗത്ത് നിന്ന് അല്ലാതെ പുറത്ത് നിന്ന് സോളാർ മൊഡ്യൂളുകൾ വാങ്ങുന്നതിനുള്ള ഇളവ് നൽകിയിട്ടുണ്ട്.സോളാർ പാനലുകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് പിന്തുണ വേണ്ടതിനാലാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്ന് ഫെബ്രുവരിയിൽ തന്നെ സർക്കാർ അറിയിച്ചിരുന്നു . സർക്കാർ രാജ്യത്ത് സൗരോർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത് . ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റിൽ പിഎം സൂര്യ ഘർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. . 2 കിലോവാട്ട് ശേഷി വരെയുള്ള സിസ്റ്റങ്ങൾക്ക് സോളാർ യൂണിറ്റ് ചെലവിന്റെ 60 ശതമാനവും 2 മുതൽ 3 കിലോവാട്ട് ശേഷിയുള്ള സിസ്റ്റങ്ങൾക്ക് അധിക സിസ്റ്റം ചെലവിന്റെ 40 ശതമാനവും സബ്‌സിഡിയായി പദ്ധതിയിലൂടെ ലഭിക്കും.സബ്‌സിഡിയുടെ പരിധി 3 കിലോവാട്ട് ശേഷിയായി നിജപ്പെടുത്തിയിട്ടുണ്ട്. 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപയും 2 കിലോവാട്ട് സിസ്റ്റത്തിന് 60,000 രൂപയും 3 കിലോവാട്ട് സിസ്റ്റത്തിന് 78,000 രൂപയും അതിലധികമോ രൂപ സബ്‌സിഡി ലഭിക്കും. ഇന്ത്യയുടെ മൊത്തം സോളാർ മൊഡ്യൂൾ നിർമ്മാണ ശേഷി നിലവിൽ 64.5 GW ആണ്.

Leave a Reply

Your email address will not be published. Required fields are marked *