ന്യൂഡൽഹി /ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ ബജ്‌റങ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്‍റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി താൻ എത്തിയപ്പോൾ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ തന്നെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ “ജയ് ബജ്‌റംഗ്ബലി” എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോദി പറഞ്ഞു.ഈ രാജ്യത്തിന്‍റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കിലും അഭിമാനമുണ്ടായിരുന്നില്ലെന്നു മോദി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ്, ഉത്പദാന മേഖലയിൽ പത്ത് ലക്ഷം തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങളുമായിട്ടാണ് ഇത്തവണ ബിജെപി കർണാടക തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശക്തമായ മത്സരമാണ് സംസ്ഥാനത്ത് ഇത്തവണ ബിജെപി നേരിടുന്നത്.
അതേസമയം, ഇന്ന് രാവിലെ പ്രകടനപത്രിക പുറത്തിറക്കിയ കോൺഗ്രസ് ജാതിയുടെയും മതത്തിന്‍റെയും പേരിൽ സാമുദായികവിദ്വേഷം പരത്തുന്നത് തടയുന്നതിന് കർശന നടപടിയെടുക്കുമെന്നും അതിന്‍റെ ഭാഗമായി ബജ്‌റങ്ദള്‍, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
