ഈ സ്കോളർഷിപ് വിവാദങ്ങളുടെ വേളയിൽ വിദ്യാഭ്യാസ രംഗത്തെ സംശുദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജാതിമതഭേതമന്യേ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാമെന്ന് അഡ്വ ചാത്തുക്കുട്ടി പറയുന്നു
സ്കോളർഷിപ് വിവാദ കോലാഹല വിഷയത്തിൽ മുസ്ലിം മത നേതാക്കൾ മുസ്ലിം വിദ്യാഭ്യാസത്തിലെ പിന്നോകാവസ്ഥക്ക് പ്രധാന തെളിവായി പറയുന്നത് 18% വരുന്ന ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് 42% എയിഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നും , എന്നാൽ 26%ത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന് 18%ൽ താഴെ മാത്രമേ സ്ഥാപനങ്ങൾ ഉള്ളു എന്നുമാണ്. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശമ്പളവും ഗ്രന്റുമായി കോടി കണക്കിന് തുക സർക്കാർ ചിലവഴിക്കുന്നുണ്ട്.
ഈ വാദം വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്നതും യഥാർത്ഥത്തിൽ ന്യുനപക്ഷ വിദ്യാഭ്യാസ ഉയർച്ചയുമായി ബന്ധമില്ലാത്തതുമാണ്. പാവപ്പെട്ട ന്യുനപക്ഷ വിഭാഗക്കാർക്ക് പണം കൊടുക്കാതെ ജോലിയോ, അഡ്മിഷനോ മാനേജ്മെന്റ് വിഭാഗത്തിൽ നിന്ന് ലഭിക്കുന്നതല്ല. ഇത് ന്യുനപക്ഷ സ്ഥാപനങ്ങൾക്ക് മാത്രമല്ല മറ്റ് ഭൂരിപക്ഷ സമുദായം നടത്തുന്ന എൻഎസ്എസിന്റെയും, എസ്എൻഡിപിയുടെയും സ്ഥാപനങ്ങൾക്കും ബാധകമാണ്. വിദ്യാഭ്യാസം ഇന്ന് സേവനമോ സാംസ്‌കാരിക പ്രവർത്തനമോ അല്ല ഏറ്റവും ലാഭകാരവും, നീചവുമായ കോർപ്പറേറ്റ് കച്ചവടമാണ്. സമുദായത്തിന്റെയും മതത്തിന്റെയും പേരിലുള്ള കള്ള കച്ചവടമായി എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നു. സ്വന്തം മതത്തിൽ പെട്ടവർക്കോ, സമുതായത്തിൽ പെട്ടവർക്കോ അവരുടെ സമുദായത്തിന്റെത് എന്ന് പറയുന്ന സ്ഥാപനങ്ങളിൽ നിന്ന് പണം കൊടുക്കാതെ അഡ്മിഷനോ, ജോലിയോ ലഭിക്കുന്നതല്ല. ഇന്ത്യയിൽ നീറ്റ് അടിസ്ഥാനമായുള്ള അഡ്മിഷൻ വരുന്നതിനുമുൻപ് ഓരോ വർഷവും 45000 കോടി ഉറുപികയിൽ അധികം മെഡിക്കൽ വിദ്യാഭ്യാസത്തിൽ മാത്രം തലവരി പണമായി നിയമ വിരുദ്ധമായി മാനേജ്മെന്റുകൾ വാങ്ങിക്കൊണ്ടിരുന്നു. മറ്റ് എഞ്ചിനീയറിംഗ് സാങ്കേതിക പഠന വിഭാഗങ്ങൾ കൂടി കണക്കിലെടുത്താൽ ഒരു ലക്ഷം കോടിയിൽ അധികമാണ് കള്ള പണമായി തലവരിപണം വാങ്ങുന്നത്.പ്രസിദ്ധ സാഹിത്യകാരനായ സക്കറിയ ഒരിക്കൽ പറഞ്ഞതുപോലെ ” സീറോ മലബാർ സഭയുടെ കണക്കറ്റ സ്വത്തുക്കളിൽ തനിക്കുകൂടി അവകാശമുണ്ട് എന്ന് കരുതുന്ന സാധാരണ സഭാവിശ്വാസിയുടെ മിഥ്യാ അഹങ്കാരത്തിലാണ് സഭ നിലനിൽക്കുന്നത് “. ഇത് എല്ലാ സമുദായത്തിൽ പെട്ട ആളുകൾക്കുള്ള മിഥ്യാ അഹങ്കാരം തന്നെയാണ്. പാവപ്പെട്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം അവന്റെ സമുദായത്തിന്റെ സ്ഥാപനങ്ങൾ തങ്ങളുടെ കൂടിയാണ് എന്ന് അഭിരമിക്കുന്നു. എന്നാൽ അവരുടെ സമുദായത്തിന്റെ സ്ഥാപനത്തിൽ ജോലിക്കോ, അഡ്മിഷനോ സമീപിക്കുമ്പോൾ ലക്ഷങ്ങളാണ് ചോദിക്കുന്നത്. ചുരുക്കത്തിൽ ഈ സ്ഥാപനങ്ങൾ ഏത് സമുദായത്തിന്റെ ആകട്ടെ ദുഷിച്ച കച്ചവട കേന്ദ്രങ്ങളാണ് എന്ന് മാത്രമല്ല സമൂഹത്തിന്റെ നൈത്തീക മൂല്യങ്ങളെ നശിപ്പിക്കുന്നവയുമാണ്. ഈ സ്ഥാപനങ്ങൾ കൊണ്ടുനടക്കുന്ന മത സമുദായ നേതാക്കൾക്ക് സുഖിക്കാനും സമുദായത്തിലെ ഒരു പിടി കള്ളപണക്കാർക്ക് തങ്ങളുടെ “മണ്ടന്മാരും, അയോഗ്യരുമായ” മക്കൾക്ക് കാശുകൊടുത്ത് ജോലിയും, അഡ്മിഷനും വാങ്ങാനുള്ള കേന്ദ്രങ്ങൾ മാത്രമാണ്. അതല്ലാതെ മഹാ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട സമുദായ അംഗങ്ങൾക്ക് ഇത്തരം സ്ഥാപനം കൊണ്ട് യാതൊരു നേട്ടവും ഇല്ല.
സാധാരണക്കാർക്ക് നീതി പൂർവമായ അഡ്മിഷനും ജോലിയും ലഭിക്കണമെങ്കിൽ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം PSC ക്ക് വിടേണ്ടതാണ്. ശമ്പളം സാധാരണക്കാരന്റെ നികുതി പണത്തിൽനിന്ന് സർക്കാർ കൊടുക്കുകയും, നിയമനത്തിന് കോഴ പണം മാനേജ്‌മെന്റുകൾ വാങ്ങുകയും ചെയുന്ന നീചവും വിചിത്രവുമായ സമ്പ്രതായം നിർത്തലാക്കണം.സ്കൂൾ കോളേജ് അഡ്മിഷനുകളിൽ സുധാര്യമായ സമ്പ്രതായം കൊണ്ടുവരണം.അപ്പോൾ മാത്രമേ പാവപ്പെട്ട മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കൂ. ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിൽ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നതും കേരളാ ഹൈ കോടതി തന്നെ എന്തുകൊണ്ട് ഈ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന് ചോദിച്ചിട്ടുള്ളതുമാണ്. എന്നാൽ അതി ശക്തരായ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ഒരു പിടി മത സാമുദായിക നേതാക്കന്മാരുടെ സമ്മർദ്ദം മൂലം സർക്കാരുകൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഓരോ സമുദായത്തിനും ജനസംഖ്യ അനുപാതികമായി വിദ്യാഭ്യാസ കച്ചവടം നടത്താൻ സ്ഥാപനങ്ങൾ അനുവദിച്ചുക്കിട്ടുക എന്നതല്ല അഴിമതി ഇല്ലാത്ത സംശുദ്ധമായ വിദ്യാഭ്യാസവും നീതിപൂർവമായി ജോലിയും ലഭ്യമാക്കുന്ന സർക്കാർ ഇടപെടലുകളാണ് ആവശ്യം.
അതുകൊണ്ട് ഈ സ്കോളർഷിപ് വിവാദങ്ങളുടെ വേളയിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സംശുദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജാതിമതഭേതമന്യേ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.
