വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണന്ന്
സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രനയം കാരണം വിപണിയിൽ വ്യത്യസ്ത വില ആണന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാകുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

എത്രയും വേഗം സംസ്ഥാനത്തിന്‍റെ ആവശ്യത്തിനനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ വാക്‌സിന്‍ നയം കാരണം രാജ്യത്ത് വാക്‌സിനുകള്‍ക്ക് വ്യത്യസ്‌ത വിലകളാണുള്ളതെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു.

സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ തയ്യാറാണോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. എന്നാലത് ഒരു കാരണവശാലും സാദ്ധ്യമല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് എന്തുകൊണ്ടാണ് വാക്‌സിൻ കിട്ടാത്തതെന്ന് കോടതി കേന്ദ്രത്തേോട് ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്‌സിന്‍ ലഭ്യതകുറവ് അനുഭവപ്പെടുന്നത്. ലഭ്യതകുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സര്‍ക്കാരിന് നല്‍കാതെ വാക്‌സിൻ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയാണോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. അതേസമയം, എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഇന്ന് സംയുക്ത പ്രമേയം പാസാക്കി.

Leave a Reply

Your email address will not be published. Required fields are marked *