മലപ്പുറം: പി.വി അന്‍വര്‍ ചതിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുമെന്ന് പി.വി അന്‍വര്‍. വഞ്ചകന്‍ എന്ന വിളിക്ക് കൃത്യമായ മറുപടി നല്‍കും. നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു.
അന്‍വറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാന്‍ ഇല്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങള്‍ക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി സതീശനും, ഒരുഭാഗത്തും ജനങ്ങള്‍ ഒരു ഭാഗത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടര്‍മാര്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ഇന്ന് മൂന്ന് സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍, ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജ് എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിക്കുക. പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാര്‍ഥികള്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലേക്ക് എത്തുക.
യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.