സ്മാര്‍ട്‌ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പർ പറയുന്നത് ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്നാണ്.ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.കുറച്ച് സമയം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. മൊബൈലില്‍ കുത്തിയിരുന്ന് സമയം കളയാതിരിക്കുക.അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ തുറന്നടിച്ച മറുപടി.

‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’

ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അദ്ദേഹം 1954-ലാണ് മോട്ടറോളയില്‍ ജോലിയ്ക്ക് കയറുന്നത്. അവിടെ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹവും പങ്കചേര്‍ന്നു. പിന്നെ അദ്ദേഹം കമ്പനിയുടെ ജനറല്‍ മാനേജറായി. പിന്നെയും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കൈയില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഒരു ഫോണ്‍ നിര്‍മിച്ചത്.ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *