തൃശ്ശൂര്‍: മലയാളി യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്‌മാനന്ദഗിരി (ശ്രിബിന്‍ -38) ആണ് മരിച്ചത്. ബ്രഹ്‌മാനന്ദഗിരിയുടെ മൃതദേഹം ഖമ്മം റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്.
ആറു വര്‍ഷം മുമ്പ് നേപ്പാളില്‍ പോയ ബ്രഹ്‌മാനന്ദ ഗിരി, സന്യാസി ജീവിതം നയിച്ചു വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ ഒരു സംഘം അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബ്രഹ്‌മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ അറിയിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേണില്‍ വിളിച്ച് ശാന്തിയെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിയുടെ കുടുംബം രംഗത്തെത്തി. വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെയും മകനാണ് ബ്രഹ്‌മാനന്ദഗിരി. ശ്രീജിയാണ് സഹോദരി. നാട്ടിലെത്തിച്ച ബ്രഹ്‌മാനന്ദ ഗിരിയുടെ മൃതദേഹം ശാന്തി തീരത്ത് സംസ്‌കരിച്ചു.