അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് അയ്മന്‍ അല്‍-സവാഹിരിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നീതി നടപ്പായെന്നും ബൈഡന്‍ പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയിദയുടെ തലവനായത്.

അതേസമയം, അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മന്‍ അല്‍ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദ നേതാക്കളില്‍ ഒരാളായാണ് അല്‍ സവാഹിരിയെ കണക്കാക്കപ്പെടുന്നതെന്നും’ സൗദി ഭരണാധികാരികള്‍ പറഞ്ഞു.

സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹകരിക്കാന്‍ എല്ലാ രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *