ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുമ്പോൾ അതിഥി സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം.എം. മണി. “റോമാനഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ മീട്ടിയതിനെ പറ്റി കേട്ടിട്ടുണ്ട്, ഇവിടെ കോഴിക്കാൽ കടിക്കുന്നു” എന്നായിരുന്നു എം.എം. മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മുഖ്യമന്ത്രി ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ലീഗ് നേതാവ് ഫൈസൽ തങ്ങളുടെ വീട്ടിലെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതാണ് വലിയ വിവാദമായത്. വേങ്ങരയിൽ നടന്ന പരിപാടിക്ക് ശേഷമായിരുന്നു ഈ വിരുന്ന്. മുഖ്യമന്ത്രി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമായി.

സംഭവത്തിൽ മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ.എ. റഹീം എംപിയും ആരോപിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട സമയം മാറ്റിവെച്ച് സ്വകാര്യ സൽക്കാരങ്ങളിൽ പങ്കെടുത്തത് അനുചിതമായിപ്പോയെന്നും, മറ്റെല്ലാ പരിപാടികളും റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും റഹീം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *