തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയില്‍ രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാണ്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.