മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുംഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.മുഖ്യമന്ത്രി മാഫിയ സംരക്ഷകനും അദ്ദേഹത്തിന്‍റെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമാണ്.എല്‍ഡിഎഫിന്‍റെ തന്നെ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്.സ്വന്തം ഓഫീസിലും വകുപ്പിനും കീഴെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും തിരിച്ചറിയാനും നിയന്ത്രിക്കാനും മുഖമന്ത്രിക്ക് കഴിയുന്നില്ല.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ആരോപണവിധേയമാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നത് കൊണ്ടാണ് ഗുരുതര ആരോപണം നേരിടുന്ന എഡിജിപി സര്‍വ്വശക്തനായി തുടരുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത്. കേരള പോലീസിന്റെ പ്രവര്‍ത്തനം അധോലോക മാഫിയയുടേതിന് സമാനമാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല.ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം സാധ്യമാകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും എം.ലിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *