തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണം പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് നടക്കുന്നത് അതിരുകടന്ന പ്രീണന രാഷ്ട്രീയമാണെന്നും മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.

‘100 ദിവസം, വികസനം പൂജ്യം’ എന്ന തലക്കെട്ടിലാണ് രാജീവ് ചന്ദ്രശേഖർ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് പ്രധാന ഗ്യാരന്റികളിൽ നാലെണ്ണവും സർക്കാർ പാലിച്ചില്ലെന്നും പുതിയ തൊഴിലവസരങ്ങള വ്യവസായങ്ങളോ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സർക്കാർ 12,500 കോടി രൂപയുടെ അധിക കടബാധ്യത വരുത്തിവച്ചെന്നും അദ്ദേഹം ആരോപിച്ചു.

നിയമവാഴ്ചയിലെ വീഴ്ചകൾ, പി.എസ്‌.സി തട്ടിപ്പുകളിലെ അന്വേഷണത്തിലെ അട്ടിമറി, എക്സാലോജിക് അഴിമതിയിലെ ഒളിച്ചുകളി എന്നിവയും അദ്ദേഹം ചോദ്യം ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ഹിന്ദുവിരുദ്ധ പരാമർശങ്ങൾ വർധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് വന്ദേമാതരത്തെ അധിക്ഷേപിക്കുന്ന നിലപാടുകൾ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

യുവജനങ്ങളെയും അയ്യപ്പ വിശ്വാസികളെയും നിയമം അനുസരിക്കുന്ന സാധാരണക്കാരെയും വി.ഡി. സതീശൻ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ആദ്യ 100 ദിവസം കൊണ്ട് യാതൊരു വികസനവും നടപ്പിലാക്കാത്ത ഈ സർക്കാർ അടുത്ത അഞ്ച് വർഷവും കാര്യമായൊന്നും ചെയ്യാൻ പോകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *