എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകി. പ്രശാന്തുമായി ഫോൺവിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് മൊഴി.കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.അതേ സമയം, എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയിരുന്നു. റവന്യൂ മന്ത്രിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *