കണ്ണൂര്‍: പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.
കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികള്‍ കാര്‍ട്ടണ്‍ കമ്പനിക്ക് നല്‍കിയതായും, ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലന്‍സ് ശേഖരിച്ചത്. കരാര്‍ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചന.
പൊതുമേഖല സ്ഥാപനമായ സില്‍ക്കിനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിന്റെ കരാര്‍ നല്‍കിയത്. സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് ഉപകരാര്‍ കിട്ടിയത്. ഇതിനെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കും.
അതിനിടെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴില്‍ ഏറ്റെടുത്ത് നടപ്പാക്കിയ 22 സ്കൂളുകളിലെ പദ്ധതികളിലും ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ലീഗ് നേതാവിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ വിശദീകരണം.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് പണം നല്‍കിയെന്ന തരത്തിലുള്ള കാര്‍ട്ടണ്‍ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ ഒരു ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ അന്വേഷണം നടക്കട്ടെയെന്നും, നിയമാനുസൃതമല്ലാത്ത ഒരു പണവും ആരോടും വാങ്ങിയിട്ടില്ലെന്നും ഷാനവാസ് പാദൂര്‍ വിശദീകരിച്ചു.
