സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.

യുഎഇയിൽ കഴിഞ്ഞ ആഴ്ച എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനേഷന്‍ പൂർത്തിയാക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ പൗരനിലാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 29 ന് കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ സൗദി അറേബ്യയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് രോഗിയെ ഐസൊലേഷനിലേക്ക് മാറ്റുകയും സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റീനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ ബ്രസീലിലും ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരില്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.

ദമ്പതികളായ 41 വയസുള്ള പുരുഷനും 37 കാരിയായ സ്ത്രീയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 23 ന് ബ്രസീലിലെത്തിയ ഇവർ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുമടങ്ങുന്നതിനായി നവംബർ 25 ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ലാറ്റിനമേരിക്കയില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ബ്രസീല്‍.

Leave a Reply

Your email address will not be published. Required fields are marked *