സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ തുടക്കമായി. വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടിയാണ് ഓരോ വിദ്യാർത്ഥികളും ഇൻക്ലൂസീവ് കായികോത്സവത്തിൽ പങ്കെടുത്തത്. പരിമിതികളെ മറന്ന് ഓടിയും ചാടിയും ഓരോ മത്സരങ്ങളിലും  മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ച വെച്ചത്. കായികോത്സവം അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 15 ബിആർസികളിൽ നടന്ന കായികോത്സവത്തിൽ മികവ് തെളിയിച്ച 700 ലധികം ഭിന്നശേഷി കുട്ടികളാണ് മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി സംഘടിപ്പിക്കപ്പെടുന്ന ഇൻക്ലൂസീവ് കായികോത്സവത്തിൽ പങ്കെടുത്തത്. സാമൂതിരി എച്ച്.എസ്.എസ്. തളി (കോഴിക്കോട് വിദ്യാഭ്യാസ ജില്ല), എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്. ചേളന്നൂർ (താമരശ്ശേരി വിദ്യാഭ്യാസ ജില്ല), നാഷണൽ എച്ച്.എസ്.എസ്. വട്ടോളി (വടകര വിദ്യാഭ്യാസ ജില്ല) എന്നീ കേന്ദ്രങ്ങളിലാണ് വിദ്യാഭ്യാസ ജില്ല മത്സരങ്ങൾ നടന്നത്.ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഹാൻഡ്ബോൾ , റിലേ, സ്റ്റാന്റിംഗ് ജംബ്, ബോൾ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരം. പലവിധ പരിമിതികളാൽ കായിക മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന കുട്ടികൾക്ക് അവസരമൊരുക്കി ശാരീരികവും മാനസികവുമായ കരുത്ത് പ്രദാനം ചെയ്ത് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച കായികാധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ എജ്യുക്കേറ്റർമാരുമാണ് ഇൻക്ലൂസീവ് കായികോത്സവത്തിന് നേതൃത്വം നൽകിയത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്പോട്സ് കൗൺസിൽ, പൊതുവിദ്യാലയങ്ങൾ, അധ്യാപക സംഘടനകൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ കായികാധ്യാപകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കായികമേള സംഘടിപ്പിച്ചത്.തളി സാമൂതിരി എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  ഡോ. എ.കെ. അബ്ദുൾഹക്കീം പതാക ഉയർത്തി. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ,  ജില്ലാ വിദ്യാഭ്യസ ഓഫീസർ ഷാദിയബാനു, ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ, സാമൂതിരി സ്കൂൾ പ്രധാനാധ്യാപകൻ പി സി ഹരിരാജ, ബി.പി.സി മാരായ പ്രവീൺകുമാർ, വി ഹരീഷ്, ഒ പ്രമോദ്, മനോജ്കുമാർ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു.വടകര വിദ്യാഭ്യാസ ജില്ല കായികോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും താമരശ്ശേരി വിദ്യാഭ്യാസ ജില്ല കായികോത്സവം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽ കുമാറും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *